ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി സമൂഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിരിക്കുന്ന സജീവ പ്രസ്ഥാനമാണ് മാഗ് ഹൂസ്റ്റൺ.
നഗരത്തിന്റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും സ്പോർട്സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്.
അതിനൊപ്പം തന്നെ, വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതും അതിന്റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതും ശ്രദ്ധേയമാണ്.
റോയി മാത്യുവും ചാക്കോ തോമസും നേതൃത്വത്തിലുള്ള രണ്ട് പാനലുകൾ തെരഞ്ഞെടുപ്പിനായി രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങളും പ്രവർത്തനപരമായ പാരമ്പര്യങ്ങളും ഇരുപാനലുകളിലും കാണാം.
മാഗിന്റെ പുതിയ നിർമാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ഇരുപാനലുകളിലുമുള്ള മികച്ച സ്ഥാനാർഥികളെ ചേർത്തെടുത്ത ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നതാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.
മാഗിന്റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.
16 ബോർഡ് അംഗങ്ങളെ തുല്യമായി ഇരുപാനലിലും പങ്കിട്ടും. പ്രസിഡന്റ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽ നിന്ന് ഏഴും മറ്റേ പാനലിനു ഒമ്പതുമായി വിഭജിച്ചാൽ ഒരു സമവാക്യം കണ്ടെത്താൻ കഴിയും.
ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു പാനലംഗങ്ങളും. അതോടൊപ്പം ഒക്ടോബർ മുതൽ തെരഞ്ഞെടുപ്പ് വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കണം.
മിക്കവാറും യോഗങ്ങളിൽ രണ്ടു പാനലംഗങ്ങളും തമ്മിൽ കണ്ടുമുട്ടും. ജോലിയിൽ നിന്ന് അവധിയെടുത്തും കുടുംബത്തിന് നൽകേണ്ട സമയത്തിൽ നിന്ന് സമയം കടമെടുത്തും എങ്ങനെയും മത്സരിച്ചു ജയിച്ചു കയറാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.
രണ്ട് പാനലുകളിലുമുള്ള സ്ഥാനാർഥികളുടെ സാന്നിധ്യം മൂലം സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നതും ഒരു സാന്നിധ്യാനുഭവമാണ്.
മാഗിന്റെ പുരോഗതിക്കായി ഒറ്റപാനൽ എന്ന ആശയം നടപ്പിലാകട്ടെ എന്നാണ് ഗ്രേറ്റർ ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.